നടിക്കൊപ്പം തന്നെ, അതോടൊപ്പം ദിലീപിനായി പ്രാര്‍ത്ഥിക്കുന്നു- മോഹന്‍ലാല്‍

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് മറ്റുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും ദിലീപ് സംഘടനയിലേക്കില്ലെന്ന് കത്ത് നല്‍കിയ സാഹചര്യത്തില്‍ നടന്‍ സംഘടനയ്ക്ക് പുറത്ത് തന്നെയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: നടിക്കൊപ്പം നില്‍ക്കുകയും നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു താരം. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് പറഞ്ഞ് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ച മോഹന്‍ലാല്‍ ദിലീപിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നു എങ്കിലും  നടപടി മരവിപ്പിക്കുകയായിരുന്നുവെന്നു മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ യോഗത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് മറ്റുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും ദിലീപ് സംഘടനയിലേക്കില്ലെന്ന് കത്ത് നല്‍കിയ സാഹചര്യത്തില്‍ നടന്‍ സംഘടനയ്ക്ക് പുറത്ത് തന്നെയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുമായുണ്ടായ പ്രശ്‌നങ്ങളില്‍ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍  ഖേദം പ്രകടിപ്പിച്ചു. സംഘടനയുടെ യോഗത്തില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയത് തെറ്റായി പോയി. ഇത് പാടില്ലായിരുന്നു. തങ്ങള്‍ക്കും സിനിമയ്ക്കും മാധ്യമങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.